കോവിഡ് കാലത്തുള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കും കേരളത്തിലെ ജനങ്ങള്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങള്‍ ചെയ്തു നല്‍കിയ സംഘടനയായ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ സമൂഹത്തിന് ഗുണകരമായ പദ്ധതിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആദിവാസി മേഖലയില്‍ നിന്നും ഓരോ വര്‍ഷവും 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ‘വിന്റേജ്’ എന്ന് പേരിട്ട പദ്ധതിയുടെ ലക്ഷ്യം.
അട്ടപ്പാടിയില്‍ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ നിന്നും പ്രത്യേക ക്യാമ്പ് നടത്തിയാണ് 20 കുട്ടികളെ സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരികയും അവരുടെ താല്‍പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്‌സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂര്‍ത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നല്‍കുന്നു. ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വര്‍ഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകള്‍ മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം സംഘടന ഏറ്റെടുക്കും.
ഈ 15 വര്‍ഷങ്ങളിലും കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

