കൊച്ചി: നടി കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ച് തന്നെയായിരിക്കും ചോദ്യം ചെയ്യൽ നടക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിൽ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയും നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാകും ചോദ്യം ചെയ്യൽ. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇരുവരുടെയും വീട്ടിൽ പൊലീസെത്തി നോട്ടീസ് പതിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് പരയാൻ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

