സ്പോട്ട് നോക്കിവെച്ച് ക്യാമറ ഇല്ലാത്ത സ്ഥലം നോക്കി നിയമലംഘനം നടത്തുന്നവർക്ക് ഇനി പണി കിട്ടും. റോഡിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ വേണ്ടി മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. സ്ഥലംമാറ്റാൻ കഴിയുന്ന തരത്തിലാണ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറകൾ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിലാണ് ക്യാമറ പ്രവർത്തിക്കുന്നത്. പെട്ടെന്ന് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന തൂണുകളാണ് ക്യാമറകൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾക്കനുസരിച്ച് ക്യാമറകൾ മാറ്റാൻ കഴിയും. ഇവ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തീകരിച്ചാൽ സ്ഥാനംമാറ്റാൻ ബുദ്ധിമുട്ടില്ലെന്ന് എംവിഡി അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ ക്യാമറകൾ പ്രവർത്തിക്കും.
ഇവ പ്രവർത്തിച്ചു തുടങ്ങിയാൽ ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽ നിന്നു രക്ഷപ്പെടാൻ കഴിയില്ല. അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് ക്യാമറകൾ പുനർവിന്യസിക്കാം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 725 ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റർ ദൂരെ നിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ത്രീഡി ഡോപ്ലർ ക്യാമറകൾക്കു കഴിയും. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ ക്യാമറകൾ കണ്ടെത്തും.
അതേസമയം, അമിതവേഗം, സിഗ്നൽ ലൈറ്റ് ലംഘനം എന്നിവ പിടികൂടാൻ വേറെ ക്യാമറകളുണ്ട്. നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ അക്കാര്യം ക്യാമറതന്നെ കണ്ടെത്തുകയും ചെയ്യും. ആംബുലൻസുകൾ, പോലീസ്, അഗ്നിശമനസേനാ വാഹനങ്ങൾ എന്നിവയ്ക്ക് വേഗതയുടെ നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

