ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് പാക് ദേശീയ അസംബ്ലിയിൽ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്താനായി പാക് ദേശീയ അസംബ്ലി ചേരുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ സ്ഥാനാർത്ഥിയായ വൈസ് ചെയർമാൻ ഷാ മുഹമ്മദ് ഖുറേഷിയുമാണ് മത്സരിക്കുന്നത്. അതേസമയം പാകിസ്താനിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
ഇസ്ലാമാബാദ്, കറാച്ചി, പെഷാവർ, ക്വെറ്റ അടക്കം 12 നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്. തന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കൊള്ളക്കാരുടെ ഇറക്കുമതി ചെയ്ത സർക്കാരിനെ നിരാകരിക്കാൻ ഇത്രയധികം ആളുകൾ സ്വയം രംഗത്തിറങ്ങിയിട്ടില്ലെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമെന്നാണ് ഇമ്രാൻ ഖാൻ ഈ പ്രതിഷേധ സമരത്തെ വിശേഷിപ്പിച്ചത്. പാക് ജനതയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

