കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മ; കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ച് കെ സുധാകരൻ

കണ്ണൂർ: കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണെന്ന് സുധാകരൻ പറഞ്ഞു. അദ്ദേഹം കച്ചവടം നടത്തിയിട്ട് നിൽക്കുകയാണ്. നടന്നതെല്ലാം മുൻധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിൻറെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്. കഴിഞ്ഞ ഒരു വർഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് സുധാകരൻ പറഞ്ഞു.

രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗം. കോൺഗ്രസിന്റെ എം.എൽ.എ., മന്ത്രി, എം.പി. , കേന്ദ്രമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണെന്നും നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അതെന്നും അദ്ദേഹം പരിഹസിച്ചു.