ഹെവി വാഹനങ്ങൾക്ക് യന്ത്രവത്കൃത പരിശോധന നിർബന്ധമാക്കുന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ബസ്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് യന്ത്രവത്കൃത പരിശോധന നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി നിഷേധിക്കുമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

നിലവിൽ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയാണ് യന്ത്രസംവിധാനത്തിലേക്ക് മാറുന്നത്. വാഹനങ്ങളുടെ സസ്പെൻഷൻ, സ്റ്റിയറിങ് തുടങ്ങിയ ഘടകങ്ങൾ കംപ്യൂട്ടർ സംവിധാനത്തിലായിരിക്കും പരിശോധന നടത്തുക. പുതിയ വാഹനങ്ങൾക്ക് തുല്യമായ ക്ഷമതയുണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് പാസാകൂ. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാനങ്ങളിൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ സജ്ജീകരിക്കേണ്ടതുണ്ട്.

അതേസമയം, 2024 ഏപ്രിൽ ഒന്നു മുതൽ സ്വകാര്യ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് യന്ത്രവത്കൃത പരിശോധന നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തേക്കാണ് ആദ്യം രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. ഇതിനുശേഷം രജിസ്‌ട്രേഷൻ പുതുക്കാനെത്തുമ്പോൾ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാണ്.