കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസ് നിരാശനാകേണ്ടി വരില്ലെന്നും സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് മുതിന്ന സിപിഎം നേതാവ് എകെ ബാലനും അറിയിച്ചു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ നാശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെമിനാറിൽ പങ്കെടുത്തതിന് ശേഷം കോൺഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിന്റെ സമീപനം. കെപിസിസി അധ്യക്ഷൻ സുധാകരനെ കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാകില്ല. സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
എന്നാൽ, സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് എംപി കെ മുരളീധരന്റെ പ്രതികരണം. പാർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ വി തോമസ് പാലമെന്റിൽ പോയത് ഓടുപൊളിച്ചല്ല, ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനപിന്തുണ ആവശ്യമില്ല. പകരം എംഎൽഎമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കിൽ ജനപിന്തുണ വേണം. കെ വി തോമസിന് അതുണ്ടായിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

