കണ്ണൂർ: ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സിപിഐഎം പൊളിറ്റിക് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വൈകാരിക ഘടകങ്ങളുള്ള ശബരിമല വിഷയത്തിൽ യുവതീപ്രവേശം വേണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ബൃന്ദ കാരാട്ട് അറിയിച്ചു. വിവിധ മസ്ജിദുകളുടെ കാര്യത്തിലും ശബരിമലയുടേതിനു സമാനമായ ലിംഗ നീതിയുടെ പ്രശ്നങ്ങൾ ഉയരുന്നുണ്ട്.
ഈ വിഷയങ്ങളിൽ സുപ്രധാന ചർച്ചകൾ അനിവാര്യമാണ്. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി സ്ത്രീകളുടെ അവകാശങ്ങൾ ശരിവയ്ക്കുന്നതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
ഇത് സിപിഐഎം അംഗീകരിക്കുന്നെന്നും വിധി നടപ്പാക്കുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. പാർട്ടിയല്ല കോടതിയിൽ പോയതെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതു മൂലം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെന്നും പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നഷ്ടമായെന്നും കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

