തൃശൂർ: പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി എംപി. ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ പാർലമെന്റ് അംഗമായിരിക്കുന്ന കാലയളവിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെടൽ നടത്തിയത്. ഇത്തവണ തൃശൂരിന് പൂർണ രൂപത്തിൽ പൂരം നടത്താൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും ബി ജെ പി സർക്കാരിന്റെ മുന്നേറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ ഡി എ സർക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഏജൻസിയായ പെസോ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇത് അല്ലാതെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നാണ് പെസോ നൽകിയിരിക്കുന്ന നിർദ്ദേശം. മെയ് പത്തിനാണ് തൃശൂർ പൂരം. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മെയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും.

