നടിയെ ആക്രമിച്ച കേസ്; സുപ്രധാന ശബ്ദരേഖ പുറത്ത്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രധാന ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. കേസിൽ കാവ്യാ മാധവന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നത് ശബ്ദ രേഖയിൽ നിന്നും വ്യക്തമാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ശബ്ദരേഖയാണ് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. സുരാജും ശരതും തമ്മിലുള്ള സംഭാഷണമാണ് ഒന്നാമത്തേത്. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമതായുള്ളത്. ഡോക്ടർ ഹൈദരാലിയും സുരാജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

അതേസമയം, കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.