കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കിയതിനാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വം വിലക്കിയിരുന്നില്ലെങ്കിൽ ശശി തരൂർ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസ് പോലൊരു പാർട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോൺഗ്രസിൽ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യമാണ് ഇത് ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ചില സംസ്ഥാനങ്ങളിൽ ഹിജാബ്, ഭക്ഷണ അവകാശം എന്നിവ ചോദ്യം ചെയ്യുന്ന നിയമം ബിജെപി കൊണ്ടുവന്നു. ബിജെപി ചെയ്യുന്നതിൽ പലതും രാജ്യത്തെ മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മതേതരത്തെ തകർക്കുന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

