ഇമ്രാൻ ഖാന് തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിയും കോടതി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ദേശീയ സഭയിൽ വോട്ടെടുപ്പ് നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു.

അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പ് തള്ളിയ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ നടപടിയിലെ ഭരണഘടനാ സാധുത വിശദമായി പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് എട്ടിനാണ് പാകിസ്താൻ മുസ്ലിംലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാർട്ടികളിലെ നൂറോളം എം.പി.മാർ ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം. എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ വോട്ടെടുപ്പ് തള്ളി. തുടർന്ന് പ്രസിഡന്റ് ആരിഫ് ആൽവി ദേശീയസഭ പിരിച്ചുവിടുകയും ചെയ്തു.