18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വകാര്യ വാക്സിന്‍ സെന്ററുകളില്‍ ഏപ്രില്‍ പത്ത് മുതല്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യ വാക്സിനേഷന്‍ നല്‍കുന്നത് തുടരും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യമായി മുന്‍കരുതല്‍ ഡോസ് വിതരണം ചെയ്തിരുന്നത്. പിന്നീട് 60 വയസിന് മുകളിലുള്ള ഗുരുതര രോഗമുള്ളവര്‍ക്ക് ലഭ്യമാക്കി. മൂന്നാം ഘട്ടത്തിലാണ് 60ന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കി തുടങ്ങിയത്. ശേഷം നാലാം ഘട്ടത്തിലാണ് 18 വയസിന് മുകളിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച വാക്സിന്‍ ഏതാണോ അതുതന്നെയാണ് മുന്‍കരുതല്‍ ഡോസായി എടുക്കേണ്ടത്. രണ്ടാം ഡോസ് കുത്തിവെയ്പ്പ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കാവുന്നതാണ്.