കെ വി തോമസിനെതിരെയുള്ള നടപടി കെപിസിസി തീരുമാനിക്കും; താരീഖ് അൻവർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി താരീഖ് അൻവർ. കെ വി തോമസിനെതിരെയുള്ള നടപടി കെപിസിസി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ നിർദ്ദേശമനുസരിച്ചാവും ഹൈക്കമാൻഡ് വിഷയത്തിൽ അന്തിമ തീരുമാനമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസിയുടെ നിർദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാൽ, കെപിസിസിയുടെ നിർദ്ദേശം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാർട്ടി നേതാക്കൾ ശ്രമിച്ചെതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. താൻ ജന്മം കൊണ്ട് കോൺഗ്രസ്സാണെന്നും പാർട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് പറഞ്ഞു. സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് താൻ നേരിട്ടത്. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് താൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.