വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങരുതെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് അമേരിക്ക. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപേരാധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ഇറക്കുതിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയുടെ പ്രതികരണം. ഉപരോധത്തിനിടയിലും റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യ തുടരുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
ഊര്‍ജ ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കാന്‍ അമേരിക്ക തയ്യാറാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യയെ സാമ്പത്തിക ഉപരോധങ്ങളിലൂടെ തളര്‍ത്താനാണ് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ശ്രമം. എന്നാല്‍, യുദ്ധം മൂലം ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമായി. അതേസമയം, റഷ്യന്‍ കമ്ബനികള്‍ വന്‍ വിലക്കുറവില്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ മുന്നോട്ട് വന്നിരുന്നു. ഈ ഓഫര്‍ സ്വീകരിക്കാന്‍ തീരുമാനിച്ച രാജ്യത്തെ മുന്‍നിര റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മെയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലില്‍ 3 ദശലക്ഷം ബാരല്‍ റഷ്യയില്‍ നിന്നും കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, എണ്ണ ഇടപാടിലൂടെ ഇന്ത്യ ഉപരോധം ലംഘിക്കുന്നില്ലെന്നും, പക്ഷേ, ഇത് ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയെ തെറ്റായ വശത്ത് എത്തിക്കുമെന്നുമാണ് അമേരിക്കയുടെ വിലയിരുത്തല്‍.
റഷ്യ നടത്തുന്ന അധിനിവേശത്തെ പരസ്യമായി ഇന്ത്യ പിന്തുണച്ചിട്ടില്ല. എന്നാല്‍, റഷ്യയ്‌ക്കെതിരെയുള്ള ഐക്യരാഷ്ട്ര പ്രമേയങ്ങളില്‍ വിട്ടുനില്‍ക്കുകയും ചെയ്തു. അതേസമയം നയതന്ത്ര ബന്ധങ്ങളിലൂടെ ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ റഷ്യയ്‌ക്കൊപ്പം നിര്‍ത്തുന്നത് റഷ്യന്‍ സൈനിക സാമഗ്രികളെയാണ് പ്രധാനമായും ഇന്ത്യ ആശ്രയിക്കുന്നതിനാലാണെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതേസമയം, റഷ്യ യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കത്തിക്കയറുകയായിരുന്നു. എണ്ണവില വര്‍ദ്ധിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധത്തിന് തൊട്ടുപിന്നാലെ റഷ്യയ്‌ക്കെതിരെ അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

