നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ നോട്ടീസ് അയക്കാനൊരുങ്ങി ബാർ കൗൺസിൽ

കൊച്ചി: ദിലീപിന്റെ അഭിഭാഷകർക്കെതിരെ നോട്ടീസ് അയക്കാനൊരുങ്ങി ബാർ കൗൺസിൽ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളിയാഴ്ച്ച തന്നെ മറുപടി ആവശ്യപ്പെട്ട് അഭിഭാഷകർക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസിലിന്റെ തീരുമാനം. അഭിഭാഷകരായ ബി രാമൻപിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് അയക്കുന്നത്.

ദിലീപിന്റെ അഭിഭാഷകർക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നുമാണ് നടി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രതികളുമായി ചേർന്ന് രാമൻപിള്ള ഇരുപതിലേറെ സാക്ഷികളെ സ്വാധീനിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ജിൻസനെ സ്വാധീനിക്കാൻ പ്രതിയുടെ സഹായത്തോടെ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തുവെന്ന ആരോപണവും രാമൻപിള്ളക്കെതിരെയുണ്ട്. അന്വേഷണ സംഘവും രാമൻപിള്ളക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയെങ്കിലും രാമൻ പിള്ള ഹാജരായിരുന്നില്ല.

സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.