സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ല : കെ വി തോമസ്

കൊച്ചി: എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്ന് കെ വി തോമസ്. അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നുവെങ്കിലും താൻ പാർട്ടിക്ക് അകത്ത് തന്നെയാണെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കാനാണ് കെ വി തോമസിന്റെ തീരുമാനം. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് പറഞ്ഞു. സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് താൻ നേരിട്ടത്. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് താൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രണ്ട് തട്ടിലാണുള്ളത്. അതുമാറ്റി നിർത്തി ദേശീയ സാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. താൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് താൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.