ക്രിമിനൽ നടപടി തിരിച്ചറിയൽ ബിൽ പാസാക്കി രാജ്യസഭ; രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ക്രിമിനൽ നടപടി തിരിച്ചറിയൽ ബിൽ പാസാക്കി രാജ്യസഭ. ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടേതടക്കം ജൈവ സാമ്പിളുകൾ ശേഖരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചാൽ കുറ്റമായി കണക്കാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്നാണ് രാജ്യസഭ ബില്ല് പാസാക്കിയത്. ബില്ലിനെ ഭയക്കുന്നത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. മനുഷ്യാവകാശം, സ്വകാര്യത വാദങ്ങൾ ഉന്നയിച്ച് അനാവശ്യ എതിർപ്പുയർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യാവകാശമെന്നത് ഒരു ഭാഗത്ത് മാത്രമുള്ളതല്ല. അക്രമങ്ങൾക്ക് ഇരയാകാവുന്നവർക്കും മനുഷ്യാവകാശമുണ്ട്. ദേശസുരക്ഷ ലക്ഷ്യമിട്ടാണ് സർക്കാർ ബില്ല് കൊണ്ടുവരുന്നതെന്നും പോലീസ് സേന കൂടുതൽ സജ്ജമാകേണ്ടതുണ്ടെന്നും അമിത് ഷാ അറിയിച്ചു. രാജ്യത്തെ പോലീസ് സേന കൂടുതൽ സജ്ജമാകേണ്ടതുണ്ട്. ബില്ലിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ദുരുപയോഗം ചെയ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയാടിസ്ഥാനത്തിലുള്ള കുറ്റാന്വേഷണം രാജ്യത്ത് കൂടുതൽ മികവുറ്റതാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നിയമങ്ങൾ അത്ര കർക്കശമല്ല. ബ്രിട്ടൺ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയമങ്ങളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബില്ല് നിയമമാകും.