പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കാനൊരുങ്ങി തമിഴ്‌നാട്. ഇതിനായി ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.മുരുകേശന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ദരും സംസ്ഥാന ആസൂത്രണ കമ്മീഷനും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായി 13 അംഗങ്ങളെ ഉള്‍പ്പെടുത്തി വിദഗ്ദ സമിതിയെ നിയമിച്ചു. മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയും സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ബിരുദ കോഴ്‌സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ, മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്ക് പൊതുപരീക്ഷ, നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദം തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തമിഴ് പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പുതിയ കാലത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നയം രൂപവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.
നാല് വര്‍ഷ ബിരുദം നടപ്പാക്കുമ്പോള്‍ രണ്ട് തരം ബിരുദധാരികള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണ് തമിഴ്‌നാടിന്. ത്രിഭാഷ പാഠ്യപദ്ധതിക്ക് പകരം മാതൃഭാഷയുമായി ബന്ധിപ്പിക്കുന്ന ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് അടങ്ങിയ ദ്വിഭാഷാ പാഠ്യപദ്ധതി തുടരണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

