ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപന കാലത്ത് രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിന്റെ തോത് വർദ്ധിക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയായ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) സഹായിച്ചുവെന്ന് പഠനം. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2019 ൽ ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം ഒരു ശതമാനത്തിൽ താഴെയായിരുന്നു. 2020 ലെ കോവിഡ് കാലത്തും ആ നിരക്ക് വർദ്ധിക്കാതെ ഒരു ശതമാനത്തിൽ തന്നെ പിടിച്ചു നിർത്താൻ പദ്ധതിയിലൂടെ കഴിഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു. പാൻഡമിക്, പോവർട്ടി ആൻഡ് ഇനിക്വാളിറ്റി: എവിഡൻസ് ഫ്രം ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ അളവ് പിടിച്ചു നിറുത്തുന്നതിൽ പിഎംജികെഎവൈ പദ്ധതി നിർണായകമായിരുന്നു. കോവിഡ് പാവപ്പെട്ടവരിൽ ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് അവരെ ഒരു പരിധി വരെ സംരക്ഷിക്കാൻ പദ്ധതിയ്ക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. മാസം അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പും ഒരു കിലോ പയറുമാണ് മുൻഗണനാ വിഭാഗത്തിലുള്ള ഓരോ കുടുംബത്തിനും റേഷൻ കടകൾ വഴി ലഭ്യമാകുന്നത്. 2020 മാർച്ച് 26 നാണ് പിഎംജികെഎവൈ പദ്ധതി രാജ്യത്ത് പ്രഖ്യാപിച്ചത്. 2022 സെപ്തംബർ മാസം വരെ പദ്ധതി നീട്ടിയതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

