കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള വധഗൂഢാലോചനാക്കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെയും പ്രതി ചേർത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ മറച്ചുവച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോൺ വിവരങ്ങൾ സായ് ശങ്കർ കൊച്ചിയിൽ തങ്ങി നശിപ്പിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചാണ് സായ്ശങ്കർ തെളിവ് നശിപ്പിച്ചത്. ഫോൺ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവ് നശിപ്പിച്ചെന്നും സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
വധഗൂഢാലോചനക്കേസിൽ ദിലീപടക്കം ഏഴ് പേർ പ്രതികളാണുള്ളത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.

