തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്ന ചന്ദനം ഗുണ നിലവാരമില്ലാത്തത്; ജസ്റ്റിസ് കെ ടി ശങ്കരൻ

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്ന ചന്ദനവും, ചുറ്റുവിളക്കിൽ ഒഴിക്കുന്ന എണ്ണയും ഗുണ നിലവാരമില്ലാത്തതാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് ജസ്റ്റിസ് കെ.ടി ശങ്കരൻ. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ലഭിക്കുന്ന വരുമാനത്തെക്കാളും തുക ജീവനക്കാർക്ക് ശമ്പളമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിക്ക് കൈമാറിയ ഇടക്കാല റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾ വാങ്ങുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി ശങ്കരനെ ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കെ ടി ജസ്റ്റിസ് ശങ്കരന് ചുമതല നൽകിയത്.

ഇതിന്റെ ഭാഗമായി അറുപതിലധികം ക്ഷേത്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. തുടർന്ന് തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. ഒരു കിലോ ചന്ദനത്തിന് പതിനയ്യായിരം രൂപയോളം വില വരും. അതിനാൽ പ്രസാദമായി യഥാർത്ഥ ചന്ദനം നൽകുന്നത് സാമ്പത്തികമായി താങ്ങാൻ കഴിയുന്നതല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന് പുറത്ത് കൃത്രിമമായ നിർമ്മിക്കുന്ന ഗുണനിലവാരമില്ലാത്ത ചന്ദനം ആണ് നിലവിൽ പ്രസാദമായി നൽകുന്നത്. യഥാർത്ഥ ചന്ദനമോ, അല്ലെങ്കിൽ ഗുണനിലവാരം ഉള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നൽകുന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങൾക്ക് പുറത്തുള്ള ചുറ്റുവിളക്കിൽ ഉപയോഗിക്കേണ്ടത് വിളക്കെണ്ണയാണ്. എന്നാൽ, ഗുണനിലവാരം ഇല്ലാത്ത വിളക്കെണ്ണയാണ് നിലവിൽ ഉപയോഗിക്കുന്നത്. യഥാർത്ഥ വിളക്കെണ്ണ ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉപയോഗ ശൂന്യമായ എണ്ണയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ശബരിമല, ഏറ്റുമാനൂർ, വൈക്കം തുടങ്ങി അമ്പതോളം ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം കൊണ്ടാണ് മറ്റ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. സെപ്റ്റംബർ മുപ്പത്തിനകം അന്തിമ റിപ്പോർട്ട് കൈമാറണമെന്നാണ് ജസ്റ്റിസ് ശങ്കരന് കോടതി നിർദ്ദേശം നൽകി.