ഓട്ടോ മിനിമം ചാർജ് പുന:പരിശോധിക്കാൻ തീരുമാനം; മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിർത്തിയേക്കും

തിരുവനന്തപുരം: ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ ഓട്ടോ മിനിമം ചാർജ് പുന:പരിശോധിക്കാൻ തീരുമാനം. മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയർത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽസിഐടിയു ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാർജ് പുനപരിശോധിക്കാൻ തീരുമാനിച്ചത്.

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് വില വർധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15 നു ശേഷം നിരക്ക് വർധന പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് ബസ് ചാർജ് വർധനവിനൊപ്പം ഓട്ടോ, ടാക്സി ചാർജും കൂട്ടുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപ ആക്കി ഉയർത്തുകയും ചെയ്തു.

അതേസമയം, 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 200 ആയും ഉയർത്തും. കിലോമീറ്റർ ചാർജ് 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു.