മാരകായുധങ്ങളുമായി അള്ളാഹു അക്ബറെന്ന് വിളിച്ച് ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

ഗോരഖ്പൂര്‍: മാരകായുധങ്ങളുമായി അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ അഹമ്മദ് മുര്‍ത്താസ അബ്ബാസി എന്ന യുവാവ് പോലീസ് പിടിയില്‍. ഗോരഖ്പൂര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് 7.15 നായിരുന്നു സംഭവം. മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പത്ത് മിനിറ്റോളം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന് ദൃക്സാക്ഷികള്‍ വ്യക്താമക്കി. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ, കൂടെ ഉള്ളയാള്‍ ഓടി രക്ഷപ്പെട്ടു. അതിക്രമം തുടരുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പോലീസ് സ്റ്റേഷന് മുന്‍പിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. അതിക്രമിച്ച് കയറിയ ആളെ പരിശോധനയ്ക്കായി പോലീസ് തടഞ്ഞപ്പോള്‍, അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതോടെ, കൈയ്യില്‍ കരുതിയിരുന്ന മാരകായുധം എടുത്ത് ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.