ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; റിക്കി കെജിന് പുരസ്‌കാരം

ന്യൂയോര്‍ക്ക്: 2022ലെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കെജ് പുരസ്‌കാരം നേടി. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പമാണ് കെജ് പുരസ്‌കാരം നേടിയത്. രണ്ടാം തവണയാണ് കെജ് പുരസ്‌കാരം നേടുന്നത്. ഇരുവരുടെയും ഡിവൈന്‍ ടൈഡ്‌സ് മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷത്തെ റിക്കാര്‍ഡും മികച്ച ഗാനത്തിനുള്ള അവാര്‍ഡും ബ്രൂണോ മാഴ്‌സിന്റെ നേതൃത്വത്തിലുള്ള സില്‍ക്ക് സോണികിന്റെ ലീവ് ദ ഡോര്‍ ഓപ്പണ്‍ എന്ന ഗാനം സ്വന്തമാക്കി. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ് ഡുവോ/ഗ്രൂപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റ് പുരസ്‌കാരം നേടി. മികച്ച പുതുമുഖ കലാകാരി, മികച്ച പോപ്പ് സോളോ പ്രകടനം എന്നീ വിഭാഗങ്ങളില്‍ ഒലിവിയ റോഡ്രിഗോ അംഗീകാരം നേടി. മികച്ച ട്രഡീഷനല്‍ പോപ് വോകല്‍ ആല്‍ബം ലവ് ഫോര്‍ സെയ്‌ലിനാണ്. ടോനി ബെനറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി. മികച്ച ആര്‍ ആന്റ് ബി ആല്‍ബം ജാസ്മിന്‍ സള്ളിവന്റെ ഹോക്‌സ് ടേല്‍സ് ആണ്.

മികച്ച റാപ് പര്‍ഫോമന്‍സ് കെന്‍ഡ്രിക് ലമാറിനും, മികച്ച മെലോഡിക് റാപ് പെര്‍ഫോമന്‍സ് വിഭാഗത്തിലെ നേട്ടം കന്യെ വെസ്റ്റിനുമാണ്. ബെസ്റ്റ് ഡാന്‍സ്/ഇലക്ട്രോണിക് റെകോര്‍ഡിംഗ് വിഭാഗത്തില്‍ അലൈവിനും പുരസ്‌കാരം ലഭിച്ചു. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തില്‍ ബ്ലാക് കോഫിക്കും, ബെസ്റ്റ് മെറ്റല്‍ പര്‍ഫോമന്‍സ് വിഭാഗത്തില്‍ ‘ദി ഏലിയനി’നുമാണ് പുരസ്‌കാരം. സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ചടങ്ങില്‍ അതിഥിയായിരുന്നു.