ദോഹ: ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പില്‍ പങ്കെടുത്താല്‍ ഒരു മത്സരം പോലും ജയിച്ചില്ലെങ്കിലും ഒരു ടീമിന് ലഭിക്കുന്നത് 80 കോടി രൂപയ്ക്ക് അടുത്ത്. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സമ്മാനത്തുക ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചിരുന്നു. 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ 17 മുതല്‍ 32 സ്ഥാനങ്ങളില്‍ വരെ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കാണ് 80 കോടിക്ക് അടുത്ത് സമ്മാനത്തുക ലഭിക്കുക. ഇത് രണ്ട് ഭാഗമായിട്ടാകും നല്‍കുക.
ലോകകപ്പിലേക്ക് യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ക്കായി 1.5 മില്ല്യണ്‍ ഡോളര്‍ ഫിഫ ആദ്യം തന്നെ നല്‍കും. ഇത് തന്നെ ഏകദേശം 11 കോടിക്ക് മുകളില്‍ വരും. ഇതിനു പുറമേ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വച്ച് തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് ഒന്‍പത് മില്ല്യണ്‍ ഡോളര്‍ ആയിരിക്കും സമ്മാനതുകയായി ലഭിക്കുക. ഇത് ഏകദേശം 69 കോടിക്ക് അടുത്ത് വരും. ലോകകപ്പ് വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്നത് 42 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 319.18 കോടി രൂപ). രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 30 മില്ല്യണ്‍ ഡോളറും (ഏകദേശം 227.98 കോടി രൂപ) മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 27 മില്ല്യണ്‍ ഡോളറും (ഏകദേശം 205.18 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 മില്ല്യണ്‍ ഡോളറും (189.98 കോടി രൂപ) ലഭിക്കും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് 17 മില്ല്യണ്‍ ഡോളറും (129.19 കോടി രൂപ) പ്രീക്വാര്‍ട്ടറില്‍ എത്തുന്നവര്‍ക്ക് 13 മില്ല്യണ്‍ ഡോളറും (98.79 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. ഏകദേശം ഏഴ് ബില്ല്യണ്‍ ഡോളറാണ് (53,196.85 കോടി രൂപ) ഫിഫ ഇത്തവണത്തെ ലോകകപ്പില്‍ നിന്ന് മാത്രം വരുമാനം പ്രതീക്ഷിക്കുന്നത്.

