കൊളംബോ: ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനരോക്ഷം ശക്തമാകുന്നതിനിടെയാണ് നടപടി.
അതേസമയം, മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ രാജപക്സെ രാജിവച്ചുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നെങ്കിലും ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു.
അർദ്ധരാത്രിയോടെ പ്രത്യേക ക്യാബിനറ്റ് യോഗം ചേരുകയും, മന്ത്രിമാരെല്ലാം രാജിവയ്ക്കുകയും ചെയ്തുവെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മകൻ നമൽ രജപക്സെ ഉൾപ്പെടെ മന്ത്രിസഭയിലെ 26 പേർ രാജി സമർപ്പിച്ചു. അതേസമയം, ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

