രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നല്ല പ്രതിരോധശേഷിക്ക് മതിയായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിയും ദിവസവും 7-8 മണിക്കൂർ ഉറങ്ങണം. സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിർത്തുകയും നല്ല പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യും. ഒരാൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മെച്ചപ്പെട്ട പ്രതിരോധ സംവിധാനത്തിന് എപ്പോഴും ജലാംശം നിലനിർത്തണം. അതിനാൽ ധാരാളം വെള്ളം കുടിക്കണം.

