ഇസ്ലാമാബാദ്: പാക് അസംബ്ലിയിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ. ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്നാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചത്. വിദേശ ഗൂഢാലോചനയിൽ പാകിസ്താൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. തുടർന്ന് സഭ പിരിയുകയും ചെയ്തു.
അതേസമയം, ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.
എന്നാൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

