വാഹന നികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31 വരെയാണ് ഉത്തരവ് നീട്ടിയത്. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു

അതിനുശേഷം, 2022 മാർച്ച് വരെ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാവുന്നതാണ്. വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാകാവുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. കോവിഡിന്റെ പശ്ചാത്തലത്തിൽ പല വാഹന ഉടമകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.