100 ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി; നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വലിയ പദ്ധതികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് യോഗി ആദിത്യനാഥ് നൽകിയ നിർദ്ദേശം.

എല്ലാ സർവീസ് സെലക്ഷൻ ബോർഡുകൾക്കും യോഗി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. യുവാക്കളെ സർക്കാരിന്റെ ഭാഗമാക്കുന്നതിനും അവർക്ക് തൊഴിൽ നൽകുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകാൻ സർക്കാർ എല്ലാ സർവീസ് സെലക്ഷൻ ബോർഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ യുവാക്കൾക്ക് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ നൽകുമെന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു രണ്ടാം യോഗി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേർന്നത്. ഈ മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ജോലി നൽകുന്നത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്.

അതേസമയം, പാവപ്പെട്ടവരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം മുന്നിൽകണ്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.