പാര്‍ട്ടി കോണ്‍ഗ്രസിനില്ല; കത്ത് നല്‍കി ജി. സുധാകരന്‍

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കണ്ണൂരില്‍ നടക്കാനിരിക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും പകരം മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുന്‍പ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജി. സുധാകരന്‍ കത്തു നല്‍കിയിരുന്നു. കത്ത് പരിഗണിച്ചുകൊണ്ട് സുധാകരനെ പാര്‍ട്ടി നേതൃത്വം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരി വിശദീകരിച്ചത്.

സുധാകരന്‍ അടക്കം 13 പേരെ സിപിഐഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് വീഴ്ചയില്‍ സുധാകരനെതിരെ വിമര്‍ശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.