മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചു; ഇനി മുതൽ മാസ്‌ക് നിർബന്ധമല്ല

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചു. സംസ്ഥാനത്ത് ഇനി മുതൽ മാസ്‌ക് നിർബന്ധമല്ല. ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് പുതിയ നിർദ്ദേശം.

ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും ഇനി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ശനിയാഴ്ച്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എന്നാൽ, മാസ്‌ക് നിർബന്ധമില്ലെങ്കിലും കുറച്ചു കാലം കൂടി തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.