ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല; കോൺഗ്രസ് അംഗത്വ വിതരണം നീട്ടി എഐസിസി

ന്യൂഡൽഹി: കോൺഗ്രസ് അംഗത്വ വിതരണം നീട്ടി. 15 ദിവസത്തേക്ക് കൂടിയാണ് അംഗത്വ വിതരണം നീട്ടിയത്. എഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം, അംഗത്വ വിതരണം നീട്ടിയ നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. നേരത്തെ മെമ്പർഷിപ്പ് വിതരണം മാർച്ച് 31 ന് തീർക്കണമെന്നായിരുന്നു നിർദ്ദേശം.

കേരളത്തിൽ 50 ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാൻ തീരുമാനിച്ചെങ്കിലും മാർച്ച് 31 ന് നാല് ലക്ഷം പേരെ മാത്രമാണ് ചേർക്കാൻ കഴിഞ്ഞത്. തെലങ്കാനയിൽ അംഗത്വ വിതരണം 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തിൽ ഇത് നാല് ലക്ഷം മാത്രമായി ഒതുങ്ങിയത്. കർണാടകത്തിൽ അംഗത്വ വിതരണം 30 ലക്ഷവും പിന്നിട്ടു. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം ഡിസംബറിൽ അംഗത്വ വിതരണ പരിപാടികളിലേക്ക് കടന്നപ്പോൾ കേരളത്തിൽ മാർച്ച് അവസാനമാണ് കോൺഗ്രസ് അംഗത്വ വിതരണത്തിലേക്ക് കടന്നത്.

അവസാന ഘട്ടത്തിൽ പുനഃസംഘടന വേണ്ടെന്ന് വെച്ചതോടെയാണ് അംഗത്വ വിതരണത്തിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഡിജിറ്റൽ അംഗത്വ വിതരണം നടപ്പിലാക്കുന്നത്.