ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മോഷണം; 27,000 രൂപയും, 26 കുപ്പി മദ്യവും മോഷണം പോയി

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മോഷണം. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് മോഷണം ഉണ്ടായത്. മദ്യ കുപ്പികളും പണവും സിസിടിവി ക്യാമറയും മോഷണം പോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്‌കോ അറിയിച്ചത്. 27,000 രൂപയും സി സി ക്യാമറയുടെ ഡി വി ടിയും മോഷ്ടിക്കപ്പെട്ടു.

കെട്ടിടത്തിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത ശേഷമാണ് കള്ളന്മാർ അകത്തേക്ക് കടന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്. തുടർന്ന് ഷോപ്പ് ഇൻചാർജ് ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകി. കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, സി സി കാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.