ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. രാജ്യത്താകമാനം ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മൂന്ന് ഘട്ടമായിട്ടാകും ഇവ നടപ്പാക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിലെ ചോദ്യോത്തരവേളയിൽ തെലുങ്കുദേശം എം പി ജയദേവ് ഗല്ലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാഹന ചാർജിംഗിന് ഹരിത ഊർജം ഉപയോഗിക്കാനും സർക്കാർ പദ്ധതിയിടുന്നു.
പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ പ്രധാനമായും സൗരോർജമായിരിക്കും ഉപയോഗിക്കുക. തമിഴ്‌നാട് പോലുള്ള സ്ഥലങ്ങളിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുള്ളതായി ഗഡ്കരി പാർലമെന്റിനെ അറിയിച്ചു. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വേണ്ടി രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് പ്രഥമ പരിഗണന നൽകും. ഹൈവേകളിൽ നാൽപതോളം ചാർജിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ നടക്കുകയാണെന്നും ഇവിടെയെല്ലാം സൗരോർജമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011 ലെ സെൻസസ് പ്രകാരം 40 ലക്ഷമോ അതിനു മുകളിലോ ജനസംഖ്യയുള്ള നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേന്ദ്ര ഭരണപ്രദേശങ്ങളുടെ തലസ്ഥാനങ്ങളും സംസ്ഥാന തലസ്ഥാനങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ 16 ദേശീയ ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന കൺസോർഷ്യത്തിന് ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

