ഇനി കൊച്ചിയില്‍; റീജിയണല്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ പങ്കെടുക്കാനാവാതിരുന്ന മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്‌കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. എറണാകുളം സരിത തിയേറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. എന്‍ എസ് മാധവനായിരുന്നു മുഖ്യാതിഥി.

തിരുവനന്തപുരം ഐഎഫ്എഫ്‌കെയില്‍ നിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച 73 ചിത്രങ്ങളാണ് കൊച്ചി റീജിയണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. സുവര്‍ണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ജി അരവിന്ദന്റെ ക്ലാസിക് ചിത്രം ‘കുമ്മാട്ടി’യുടെ റെസ്റ്റൊറേഷന്‍ ചെയ്ത പതിപ്പ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഉണ്ട്. അഞ്ച് തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’യാണ് ഉദ്ഘാടന ചിത്രം. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവയും ഉണ്ടാകും. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് വഴിയോ, സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടോ രജിസ്‌ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസ് മതി.