കട്ടുകള്‍ ഇല്ല; ‘കശ്മീര്‍ ഫയല്‍സ്’ യുഎഇയില്‍ പ്രദര്‍ശനത്തിന്‌

ന്യൂഡല്‍ഹി: യുഎഇയില്‍ റിലീസിംഗിന് ഒരുങ്ങുകയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്. എല്ലാവിധ സെന്‍സര്‍ കടമ്പകളും സൂക്ഷ്മ പരിശോധനകളും പിന്നിട്ട് യുഎയില്‍ പ്രദര്‍ശനം നടത്തുന്നതിനുള്ള അനുമതി നേടിയ വിവരം സംവിധായകന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇത് വലിയൊരു വിജയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്ലാമോഫോബിക് ചിത്രമാണെന്ന് ഇന്ത്യയില്‍ പലയിടത്തും പ്രചരിക്കുമ്പോഴാണ് ഇസ്ലാമിക രാജ്യങ്ങളിലൊന്നായ യുഎഇയില്‍ റിലീസിന് അനുമതി നേടിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒടുവില്‍ യുഎയിലെ സെന്‍സര്‍ കടമ്പകള്‍ കടന്ന് 15ന് മുകളിലുള്ളവര്‍ക്ക് കാണാമെന്ന് റേറ്റ് ചെയ്യപ്പെട്ടു. ഒരു സീന്‍ പോലും കട്ട് ചെയ്യാതെ ഏപ്രില്‍ ഏഴിന് യുഎഇയില്‍ ചിത്രം റിലീസ് ചെയ്യും. സിംഗപൂരിലും ചിത്രത്തിന്റെ പ്രദര്‍ശനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 18+ ആയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ യുഎഇയില്‍ 15+ ആണ് റേറ്റിങ്ങെന്നും സംവിധായകന്‍ പറഞ്ഞു. നാലാഴ്ചത്തെ പരിശോധനകള്‍ക്കൊടുവിലാണ് യുഎഇയില്‍ കശ്മീര്‍ ഫയല്‍സ് അനുമതി നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന കശ്മീര്‍ ഫയല്‍സ് നിരവധി പ്രതിബന്ധങ്ങള്‍ക്കൊടുവിലാണ് പ്രദര്‍ശനത്തിനെത്തിയിരുന്നത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയ് മണ്ഡ്ലേക്കര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.