ന്യൂഡല്‍ഹി: റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കി.
‘റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുടിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്. യുക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് യുക്രൈന്‍. ഇന്ത്യന്‍ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നല്‍കുന്നവരുമാണ് ഞങ്ങള്‍. സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉല്‍പന്നങ്ങള്‍ അടക്കം നല്‍കുന്നുണ്ട്’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാങ്കറുകളും വിമാനവുമായി റഷ്യ എത്തുന്ന ദിവസം വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈന്‍ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖാര്‍ക്കീവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനവും രേഖപ്പെടുത്തി.

