‘മദ്യനയത്തില്‍ കൂടിയാലോചനയില്ല; സര്‍ക്കാര്‍ തീരുമാനം അഴിമതി നടത്താന്‍’: വി.ഡി സതീശന്‍

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ബസ് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ അപാകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യനയത്തില്‍ കൂടിയാലോചന ഉണ്ടായില്ല. സര്‍ക്കാര്‍ തീരുമാനം അഴിമതി നടത്താനാണ്. സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. വ്യാപകമായി മദ്യഷോപ്പ് തുടങ്ങുന്നു. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്. ബസ്ചാര്‍ജ് കൂട്ടിയത് രണ്ടര കിലോമീറ്ററിനാണ്. ബസ് ചാര്‍ജുമായി ബന്ധപ്പെട്ട് ഫെയര്‍ സ്റ്റേജില്‍ അപാകതയുണ്ട്. സര്‍ക്കാര്‍ പഠിക്കാതെയാണ് വില കൂട്ടിയത്. അധികം കിട്ടിയ നികുതി ഇന്ധനത്തിന് സബ്‌സിഡിയായി കൊടുക്കുകയാണ് വേണ്ടത്’- സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മാണി. സി കാപ്പന്‍ തന്നോടാണ് പരാതി പറയേണ്ടത്. ഇത്തരം വിഷയങ്ങള്‍ പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. പരാതിയുണ്ടെങ്കില്‍ പരിഹരിക്കും. ആര്‍എസ്പിയുടെ പ്രശ്‌നം പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.