പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കൽ; സമയപരിധി മാർച്ച് 31 ന് അവസാനിക്കും

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ആദായനികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ടെന്നാണ് വിവരം. മാർച്ച് 31 ന് ശേഷം 500 രൂപ പിഴ നൽകി അടുത്ത മൂന്നു മാസത്തിനകം പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.

പിന്നീട് 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) വ്യക്തമാക്കി. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.