കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന കൊച്ചി റീജിയണല്‍ ഐ.എഫ്.എഫ്.കെ നാളെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന് എന്‍.എസ് മാധവന് മുഖ്യാതിഥിയായിരിക്കും.
ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ആണ് ഉദ്ഘാടന ചിത്രം. സരിത, സവിത, കവിത തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്. 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ മേളയിലും പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് പ്രധാന ചിത്രങ്ങള്‍.

