ഐപിഎല്‍: കൊല്‍ക്കത്തയെ വീഴ്ത്തി ബാംഗ്ലൂരിന് ആദ്യ ജയം

മുംബൈ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 128 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റിന് 132 റണ്‍സ് നേടി.

ഒരു റണ്‍സില്‍ തന്നെ ബാംഗ്ലൂരിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. 17 റണ്‍സ് ആയപ്പോഴേക്കും മുന്‍നിര ബാറ്റിംഗുകാരായ ഫാഫ് ഡുപ്ലിസിയും വിരാട് കോലിയും പുറത്തായി. ഡേവിഡ് വില്ലി- ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. റൂഥര്‍ഫോര്‍ഡ്- ശഹബാസ് അഹ്മദ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിനൊപ്പം വിജയപ്രതീക്ഷ കൂടി നല്‍കുന്നതായിരുന്നു. റൂഥര്‍ഫോര്‍ഡ് 28ഉം ശഹബാസ് 27ഉം റണ്‍സെടുത്തു. ബോളിംഗില്‍ ഉമേഷ് യാദവ് ഇത്തവണയും തിളങ്ങി. നാല് ഓവറില്‍ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് അദ്ദേഹം വീഴ്ത്തി. ടിം സൗത്തീ മൂന്നും സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റ് നേടി.

കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിരയില്‍ ആന്ദ്രെ റസ്സലും (25) ഉമേഷ് യാദവും (18) ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗ ഡിസില്‍വയാണ് കൊല്‍ക്കത്തയുടെ കഥകഴിച്ചത്. ആകാശ് ദീപ് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി.