തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോമീറ്ററിന് ഒരു രൂപ വീതം വർധിക്കും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
അതേസമയം, ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്റർ ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്ന് ആന്റണി രാജു വ്യക്തമാക്കി.

