ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി വിധിക്കെതിരെ പ്രോസിക്യൂഷനും അപ്പീല്‍ നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാന വിവരങ്ങളും കോടതിക്ക് മുന്നില്‍ എത്താതെ പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകളായി 21 പോയിന്റുകള്‍ കോടതി അക്കമിട്ടു നിരത്തി. 13 തവണ പീഡിപ്പിക്കപ്പെട്ടു എന്ന കന്യാസ്ത്രീയുടെ ആദ്യ ആരോപണത്തെ, ഇര ബിഷപ്പുമാര്‍ക്ക് മുമ്പാകെ പരാതി പറഞ്ഞപ്പോള്‍ പീഡനം ഉന്നയിച്ചില്ല എന്നതാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ബിഷപ്പുമാര്‍ക്ക് അടക്കം ആദ്യം നല്‍കിയ പരാതിയില്‍ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീ പിന്നീട് എന്തിനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് ഒപ്പം യാത്ര ചെയ്തതും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്‌തെന്ന ചോദ്യമാണ് കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീര്‍പ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊഴി മാത്രം വിശ്വസിച്ച് വിധി കല്‍പ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേര്‍തിരിക്കാനാവാത്ത കേസില്‍ തെളിവുകള്‍ തള്ളിക്കളയേണ്ടിവരുമെന്നുമാണ് കോടതി നിരീക്ഷിക്കുന്നത്.

ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തില്‍ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങള്‍ക്ക് വേറൊരു മഠം അനുവദിച്ചാല്‍ ഈ പരാതി ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞതായും വിധിയില്‍ പറയുന്നു. അതേസമയം, കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ മറികടക്കാന്‍ പ്രോസിക്യൂഷനായില്ല. കന്യാസ്ത്രീയുടെ ഫോണ്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാത്സംഗം ചെയ്തെന്നും 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയില്‍ പ്രധാന പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഇതൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്. പ്രതി കുറ്റവിമുക്തന്‍ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജി.ഗോപകുമാര്‍ വിധി പറഞ്ഞത്.