പാപ്പനംകോട് അക്രമം; പണിമുടക്ക് പൊളിക്കാനായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമമെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ സമരാനുകൂലികളെ ന്യായീകരിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. പണിമുടക്ക് പൊളിക്കാനാണ് കെഎസ്ആർടിസി ജീവനക്കാർ ശ്രമിച്ചതെന്നാണ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഡ്രൈവറും കണ്ടക്ടറും കൂടി ബസ് എടുത്തുകൊണ്ടുപോയെന്നും ബസിൽ ഉണ്ടായിരുന്നത് യാത്രക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മർദ്ദനമേറ്റ ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികൾ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്‌സാപ്പ് വഴി മുൻകൂട്ടി വിവരം നൽകിയെന്നും മർദ്ദനമേറ്റവർ പറഞ്ഞു. ബസ് തടഞ്ഞുനിർത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാർ വ്യക്തമാക്കി.

എന്നാൽ, ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും സർവ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങൾ ഉന്നയിച്ചതെന്നും സമരക്കാർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് പാപ്പനംകോട് ജംഗ്ഷനിൽ വച്ച് സമരാനുകൂലികൾ തടഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും സമരാനുകൂലികൾ കയ്യേറ്റം ചെയ്തിരുന്നു.