ഇസ്താംബുൾ: റഷ്യയും യുക്രൈനും തമ്മിൽ തുർക്കിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാധാന ചർച്ചയിൽ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന നിലപാടാണ് ചർച്ചയിൽ യുക്രൈൻ സ്വീകരിച്ചത്. യുക്രൈൻ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിൽ ആക്രമണം കുറയ്ക്കുമെന്നു റഷ്യ ഉറപ്പു നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈൻ നിർദ്ദേശിച്ചിരിക്കുന്നത്. ‘നാറ്റോ പോലെയുള്ള സൈനിക സഖ്യത്തിൽ യുക്രൈൻ ചേരില്ല, സൈനിക താവളങ്ങൾക്ക് ഇടം നൽകില്ല തുടങ്ങിയവയാണ് നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷാ ഉറപ്പുകൾക്ക് പകരമായാണ് യുക്രൈൻ ഈ ഉറപ്പ് നൽകിയത്. സുരക്ഷാ വിഷയത്തിൽ പോളണ്ട്, തുർക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നിൽക്കുക. തുടക്കം മുതൽ തന്നെ റഷ്യ മുന്നോട്ട് വെച്ചിരുന്ന നിർദ്ദേശമാണിത്.
ചർച്ചയിൽ വലിയ പുരോഗതി ഉണ്ടായതായി തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലു അറിയിച്ചു. റഷ്യൻ കോടീശ്വരനായ റോമൻ അബ്രാമോവിച്ചും ചർച്ചയിൽ പങ്കെടുത്തിരുന്നു. വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ചർച്ചയിൽ അറിയിച്ചിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. അതേസമയം, ചർച്ചയ്ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചിരുന്നു.

