കേരളത്തിലെ മാവോയിസ്റ്റ് കൊലകൾ കേന്ദ്ര ധനസഹായം നേടാനുള്ള വ്യാജ ഏറ്റുമുട്ടലുകൾ; കെ സുധാകരൻ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകൾ വ്യാജമാണെന്ന ആരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്ര സഹായം സ്വീകരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലായം രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000-നും 2021-നും ഇടയിലുള്ള 21 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് 2016- ന് ശേഷമാണ്. ഇക്കാലയളവിൽ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നിരായുധരായ മനുഷ്യരാണ് കൊല്ലപ്പെട്ടവരൊക്കെയും. അവരെ ജീവനോടെ പിടിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല . പ്രത്യാക്രമണത്തിന്റെ തെളിവുകൾ ഇല്ലാത്തതും ഈ മനുഷ്യ വേട്ടയിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് ഇതിന്റെയൊക്കെ പിന്നിലെന്നും മുമ്പേ തന്നെ ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ പുറത്ത് വന്ന രേഖകൾ അത്തരം ആക്ഷേപങ്ങളെ ശക്തമാക്കുന്നതാണ്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ മാവോയിസ്റ്റ് പ്രശ്നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. സുരക്ഷാ ചെലവുകൾക്കായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഏപ്രിലിൽ 6 കോടി രൂപയും പ്രത്യേക ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ഉൾപ്പടെ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും സർക്കാർ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കൂടുതൽ ധനസഹായം ലഭിക്കാൻ കൂടുതൽ കൊലപാതകങ്ങൾ പോലീസ് ചെയ്യുമെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിൽ കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്ര സഹായം സ്വീകരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലായം രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നു. പിണറായി സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകൾ വ്യാജമാണെന്ന ആക്ഷേപം കൂടുതൽ ശക്തമാകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000-നും 2021-നും ഇടയിലുള്ള 21 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് 2016- ന് ശേഷമാണ്. ഇക്കാലയളവിൽ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

നിരായുധരായ മനുഷ്യരാണ് കൊല്ലപ്പെട്ടവരൊക്കെയും. അവരെ ജീവനോടെ പിടിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല . പ്രത്യാക്രമണത്തിന്റെ തെളിവുകൾ ഇല്ലാത്തതും ഈ മനുഷ്യ വേട്ടയിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് ഇതിന്റെയൊക്കെ പിന്നിലെന്നും മുമ്പേ തന്നെ ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ പുറത്ത് വന്ന രേഖകൾ അത്തരം ആക്ഷേപങ്ങളെ ശക്തമാക്കുന്നതാണ്.

മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ മാവോയിസ്റ്റ് പ്രശ്നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. സുരക്ഷാ ചെലവുകൾക്കായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഏപ്രിലിൽ 6 കോടി രൂപയും പ്രത്യേക ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്.

കേരളത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ഉൾപ്പടെ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും സർക്കാർ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കൂടുതൽ ധനസഹായം ലഭിക്കാൻ കൂടുതൽ കൊലപാതകങ്ങൾ പോലീസ് ചെയ്യുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം.