ഓപ്പറേഷന്‍ തിയ്യതികള്‍ക്കായി വീട്ടില്‍ പോയി കാണണമെന്ന ഡോക്ടര്‍മാരുടെ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റണമെങ്കില്‍ വീട്ടില്‍ പോയി കാണണം എന്ന ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടിയെന്ന്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ പ്രവണതകള്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ 98 ശതമാനം ആളുകളും കഠിനാധ്വാനം ചെയ്യുമ്പോള്‍ ചുരുക്കം ചില ആളുകള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നത് തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ് ബഹുപൂരിപക്ഷം ഡോക്ടര്‍മാരും. എന്നാല്‍, ചുരുക്കം ചിലര്‍ പൊതുവായ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപമാനകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ആരോഗ്യ മേഖലയുടെ പുരോഗതിക്കായി ചെലവഴിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ സ്റ്റാന്‍ഡേഡൈസ് ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’- ആരോഗ്യമന്ത്രി വ്യക്തമാക്കി.

‘പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാര്‍ അന്നന്നത്തെ വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ചിലരെങ്കിലും പുലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് തെറ്റായ കാര്യമാണ്. അത്തരക്കാര്‍ക്കെതിരെ അതി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കുകയില്ല, അനുവദിക്കുകയുമില്ല. സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ഇതൊരു സന്ദേശമാണ്’- വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.