നിത്യജീവിതത്തിൽ നാം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടാറുണ്ട്. ഇവയിൽ പലതും നാം നിസാരമാക്കി തള്ളിക്കളയാറാണ് പതിവ്. എന്നാലിത്തരത്തിൽ നാം അവഗണിക്കുന്ന പല പ്രശ്നങ്ങളും പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് നമ്മെ നയിച്ചേക്കാം. ഇത്തരത്തിലൊരു പ്രശ്നമാണ് ‘പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടകികാർഡിയ സിൻഡ്രോം’ അഥവാ പിഒടിഎസ്. ഇടവിട്ട് തലകറക്കവും കൂടിയ നെഞ്ചിടിപ്പും അനുഭവപ്പെടുന്നതാണ് പിഒടിഎസിന്റെ പ്രധാന ലക്ഷണം.
നിൽക്കുമ്പോഴോ കായികമായി കാര്യങ്ങൾ ചെയ്യുമ്പോഴോ എല്ലാമായിരിക്കും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുക. ഉടനെ തന്നെ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോൾ തന്നെ ഇതിന് ആശ്വാസവും ലഭിക്കാം. ചിലരിൽ പിഒടിഎസിന്റെ ഭാഗമായി ബോധക്ഷയവും വരാം. അനുകൂലമായ സാഹചര്യങ്ങളിലല്ല, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതെങ്കിൽ അത് വ്യക്തിയെ കാര്യമായ രീതിയിൽ തന്നെ ബാധിക്കാം. ഉദാഹരണത്തിന് യാത്ര ചെയ്യുകയോ, തിരക്കുള്ള നിരത്തിലൂടെ നടക്കുകയോ മറ്റോ ചെയ്യുന്ന അവസ്ഥ. തലകറക്കവും കൂടിയ നെഞ്ചിടിപ്പും മാത്രമല്ല ഇതിന് ലക്ഷണമായി വരുന്നത്. തളർച്ച, വിറയൽ, കാര്യങ്ങൾ വ്യക്തമായി മനസിലാകുന്നതിന് ബുദ്ധിമുട്ട്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, നെഞ്ചിൽ അസ്വസ്ഥത എന്നിവയെല്ലാം അനുഭവപ്പെടാം. ഇവയെല്ലാം തന്നെ വ്യക്തിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ പ്രതികൂലമായി സ്വാധീനിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പിഒടിഎസ് കൂടുതലായി കാണുന്നത്. പതിനഞ്ച് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ പിഒടിഎസ് പിടിപെടാം. ആർത്തവത്തോട് അനുബന്ധമായി പിഒടിഎസ് പ്രശ്നങ്ങൾ കൂടാൻ സാധ്യതയുണ്ട്.

